അഞ്ച് സെമെസ്റ്റ്ര്‍ ക്ലാസ്സിലിരുന്ന് അലമ്പുണ്ടാക്കി ബോറടിചിരിക്കുമ്പൊഴാണ് കൊട്ടും കുരവയുമയി ആറാമത്തെ സെമെസ്റ്റര്‍ തുടങ്ങുന്നത്. ആ സെമെസ്റ്ററില്‍ ചെയ്യേണ്ട മിനി പ്രൊജെക്‍റ്റിനെ പറ്റി മിസ്സ് ഘോര-ഘോര പ്രസംഗങ്ങള്‍ തുടരുമ്പോഴും, കൊറച്ച് കൂടെ മെച്ചപ്പെട്ട രീതിയില്‍ എങ്ങനെ ഈ സെമെസ്റ്റര്‍ ആഘോഷിക്കാം എന്നതിനെ പറ്റി കുലങ്കഷമായി ചര്‍ച നടത്തുകയയിരുന്നു ബി.ബി.സി.(ബാക്ക് ബഞ്ചേഴ്സ് ഓഫ് CEA) കലിപ്സ്. "ഇത്തവണ എവിടയ്കേങ്കിലും ഒരു ടൂര്‍ പോകാം, അവിടെ ചെന്ന് കുടിച്ച് കൂത്താടി നടക്കാം" എന്ന അഭിപ്രായം കേവലഭൂരിപക്ഷത്തിനേക്കാള്‍ കൂടുതല്‍ വോട്ടിനു ബി.ബി.സി. പാസ്സാക്കി. എവിടെ പോകണം എന്നതിനെ പറ്റി ചെറിയ കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നെങ്കിലും, നിരനിരയായി നിക്കുന്ന ബാറുകളുടെ സാന്നിദ്‌ധ്യവും, ബിക്കിനിയില്‍ നടക്കുന്ന മദാമ്മമാരുടെ സൗന്ദര്യവും 'ഡെസ്റ്റിനേഷന്‍ കോവളം' എന്ന ലക്ഷ്യത്തില്‍ ബി.ബി.സി. ഫിക്സ് ചെയ്തു.
പത്ത് പതിനഞ്ച് പേര്‍ മാത്രം പൊയാല്‍ ഒരു രസവും ഇല്ലെന്നും, പോവാണേല്‍ ക്ലാസ്സിലെ എല്ലാവരും കൂടെ ടൂര്‍ പോകണമെന്നും, ഗേള്‍സ് എന്തായാലും ടൂറിനുണ്ടാവണമെന്നും ഒക്കെയുള്ള അഭിപ്രായങ്ങള്‍ പതുക്കെ വന്ന് തുടങ്ങി. "നമ്മള്‍ കോവളം ബീച്ചിലേക്ക് ഒരു കള്ള്കുടി ടൂര്‍ പോകുന്നു. താത്പര്യമുള്ള പെണ്‍കുട്ടികള്‍ ( ആണ്‍കുട്ടികളും) നാളെ 10 മണിക്ക് മുമ്പ് എന്റെ കയ്യില്‍ പേര് തരിക." എന്ന് റെപ്പ് ക്ലാസ്സില്‍ എനൗണ്‍സ് ചെയ്താല്‍, അഞ്ച് അടിയില്‍ താഴെ ഹൈറ്റ് ഉള്ള ദീപയുടെ ഹൈഹീല്‍ ലേഡീസ് ഷൂ തൊട്ട് ആറടി ഉയരമുള്ള സെലിന്റെ ഫ്ലാറ്റ് ചപ്പല്‍ വരെ വിത്തിന്‍ സെകന്‍ഡ്സ് കളക്റ്റ് ചെയ്യാന്‍ പറ്റും. അത് കൊണ്ട് അങ്ങനെ ഒരു പ്രഖ്യാപനം ക്ലാസ്സില്‍ എളുപ്പമല്ലായിരുന്നു.
എന്ന് വിചാരിച്ച് മുന്നോട്ട് വച്ച കാല്‍ പിന്നോട്ട് വയ്ക്കുന്നത് ആമ്പിള്ളേര്‍ക്ക് പറ്റിയ പണീ അല്ലല്ലൊ. ഒരു പാട് നാളുകള്‍ക്ക് ശേഷം പത്ത് പതിനഞ്ച് ബ്രേയിന്‍ ഒരുമിച്ച് വര്‍ക് ചെയ്തു. അവസാനം ഒരു കന്‍ക്‍ളുഷനില്‍ എത്തി. പിന്നാലെ റെപ്പിന്റെ പ്രഖ്യാപനം വന്നു." നമ്മള്‍ ക്ലാസ്സില്‍ എല്ലാവരും കൂടെ ടെക്നൊപാര്‍കിലേക്ക് സ്റ്റഡി ടൂര്‍ പോകുന്നു. ഭാവിയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയേഴ്സ് ആയ നമ്മുക്ക് കാര്യങ്ങള്‍ നേരിട്ട് കണ്ട് പടിക്കാന്‍ പറ്റുന്ന ഈ അവസരം ആരും നഷ്ടപ്പെടുത്തരുത്." സംഭവം ഏറ്റു. ഒരു വിധം പെമ്പിള്ളേരൊക്കെ പേര് തന്നു.
ഇനിയാണ് വലിയ രണ്ട് പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടത്.
1) ടെക്നോപാര്‍കില്‍ സ്റ്റഡി ടൂര്‍ പോകുന്നു എന്ന് പറഞ്ഞ് കോവളത്തേക്ക് ട്രിപ് അടിക്കുമ്പോള്‍, പോകുന്ന വഴി ഒരു അര മണിക്കൂറെങ്കിലും ടെക്നൊപാര്‍കില്‍ കേറണ്ടേ... 50-60 പേരെ ഒരുമിച് അവിടെ കേറ്റണമെങ്കില്‍ അവിടത്തെ ഏതെങ്കിലും കമ്പനീടെ പെര്‍മിഷന്‍ ലെറ്റര്‍ കാണിക്കണം. വിവരമുള്ള ഒരു കമ്പനിയും ഈ 60 എണ്ണത്തിനെ ഉള്ളില്‍ കേറ്റി വിട്ട് അവരുടെ എംപ്ലോയീസിനെ ഡിസ്റ്റര്‍ബ് ചെയ്യില്ല.
2) ഇരുപതോളം ഗേള്‍സിനെ കോണ്ട് ടൂര്‍ പോകുമ്പൊ 2 സ്റ്റാഫ് കൂടെ വേണമെന്നാണ് കോളേജിലെ നിയമം. അപ്പൊ അതിന് പറ്റിയ നമ്മുടെ റേഞ്ചില്‍ ഉള്ള രണ്ട് സ്റ്റാഫിനെ ഒപ്പിക്കണം. പിള്ളേരുടെ കൂടെ ടൂര്‍ പോയി അവരെ സേഫ് ആയി തിരിച്ചെത്തിക്കുക അത്ര എളുപ്പമല്ലെന്ന് എല്ലാ ടീചേഴ്സിനും അറിയാം. ആരും കൂടെ വരാന്‍ റിസ്ക് എടുക്കില്ല.
ആദ്യത്തെ പ്രശ്നം സോള്വ് ചെയ്യാന്‍ ഒന്ന് രണ്ട് പേര്‍ മുന്നോട്ട് വന്നു. ചുള്ളന്മാരുടെ അങ്കിള്‍/കസിന്‍ അവിടെ ടോപ് പോസ്റ്റില്‍ വര്‍ക് ചെയ്യുന്നുണ്ട്. എന്‍ട്റി പാസ് അവര്‍ റെഡി ആക്കും. രണ്ടാമത്തെ പ്രശ്നം അത്ര എളുപ്പമല്ല. അന്ന് ഞങ്ങളുടെ ഒരു സീനിയര്‍ സ്റ്റുഡന്റിന്റെ ചേച്ചി കോളേജില്‍ പഠിപ്പിക്കുന്നുണ്ടായിരുന്നു. ആ മിസ്സിനെ കൊണ്ട് ടൂറിന് വരാന്‍ സമ്മതം വേടിക്കണ്ട കാര്യം ഗേള്‍സിനെ ഏല്പ്പിച്ചു. അടുത്തത് ഒരു സാറിനെ കിട്ടണം. ആര് വരാന്‍.... അതും ഞങ്ങളുടെ കൂടെ. അവസാനം ഒരു സാറിനെ കണ്ടു.ഹാരോള്‍ഡ് സാര്‍. ചുള്ളന്‍ കൊറച്ച് നാളെ ആയിട്ടുള്ളൂ കോളേജില്‍ ജോയിന്‍ ചെയ്തിട്ട്. ഗ്സ്റ്റ് ലക്‌ചറര്‍ ആണ്. വന്ന് കേറീതിന്റെ പകപ്പ് മാറീട്ടില്ല. പിന്നെ ഇത്ര പാവം മനുഷ്യനെ ഞാനെന്റെ ജീവിതതില്‍ വേറെ കണ്ടട്ടില്ല.
മുന്‍പരിചയം ഉള്ള ഒരു സ്റ്റാഫും ഞങ്ങളുടെ കൂടെ വരില്ലെന്ന് ഉറപ്പുള്ളത് കൊണ്ട്, ഹാരോള്‍ഡ് സാര്‍ തന്നെ ആണ് അവസാന ആശ്രയം എന്ന് എല്ലാവര്‍ക്കും അറിയാമയിരുന്നു. ടെക്നൊപാര്‍കില്‍ ചെന്നാല്‍ അവിടെ 60 കമ്പ്യൂടറിന്റെ മുന്നിലിരുന്ന് ഫുള്‍ ഡെ നമ്മള്‍ പ്രോഗ്രാം ചെയ്യുമെന്നും, എന്തിന് സാറിന് വേണേല്‍ വിവേക് ലൂക്കിന്റെ അങ്കിളിന്റെ കമ്പനിയില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ വരെ വാങ്ങി തരാമെന്ന് വരെ പറഞ്ഞ് പ്രലോഭിപ്പിച്ചു. അവസാനം എങ്ങനെ ഒക്കെയോ സാര്‍ വരാമെന്ന് സമ്മതിച്ചു.
--------
പോകുന്ന ദിവസം രാവിലെ എല്ലാവരും റെഡി ആയി കൃത്യസമയത്ത് തന്നെ എത്തി. യൂണിവേഴ്സിറ്റി എക്സാമിന് വരെ ൨൫ മിനിറ്റ് ലേറ്റ് ആയി കേറിയാല്‍ മതിന്ന് പറഞ്ഞ് നടക്കുന്നവരടക്കം. "ബോലോ കലിപ്സ് കീ ജയ്.... , ഉണ്ടപക്കട... മാലപക്കട...., കറുത്ത കോഴി.... വെളുത്ത മുട്ട..." തുടങ്ങിയ പതിവ് മുദ്രാവാക്യങ്ങളുടെ ഒപ്പം "ബോലോ ഹാരോള്‍ഡ് സാര്‍ കീ ജയ്.... " കൂടെ കൂട്ടി വിളിച്ചു. എല്ലാവരേം സന്തൊഷിപ്പിക്കണമല്ലൊ.
അത്യാവശ്യം വേണ്ട സാധനങ്ങള്‍ ഒക്കെ സിവില്‍ സപ്ലൈസില്‍ നിന്ന് വാങ്ങി ബാക്ക് സീറ്റിന്റെ അടിയില്‍ കേറ്റി ബസ് പതുക്കെ അടൂര്‍ വിട്ടു. ഓളം കൊറയാതിരിക്കാന്‍ വേണ്ടി ക്‍ളാസ്സിലെ ലാലേട്ടന്‍ ഫാന്‍സിന് വേണ്ടി 'സ്ഫടികം' സിനിമേടെ സിഡി ഇട്ടു. പക്ഷെ എന്തോ, ലാലേട്ടനേക്കാള്‍ കൂടുതല്‍ അവര്‍ കയ്യടി കൊടുത്തത് സില്‍ക് സ്മിതയ്ക്കയിരുന്നു.
ബസിന്റെ നടുക്കിലെ സീറ്റുകളിലൊന്നില്‍ ഇരുന്ന് പഞ്ചാരവര്‍ത്താനം പറയുന്നതിനിടയിലാണ് ഞാന്‍ അത് ശ്രദ്‌ധിച്ചത്. മിസ്റ്റര്‍ ഹാരോള്‍ഡ് എം ദാസ് അതാ ഫ്രന്റ് സീറ്റില്‍ നിന്നും ബാക്ക് സീറ്റ് ലക്ഷ്യമാക്കി നടന്ന് വരുന്നു. ഞാന്‍ തിരിഞ്ഞ് കോറച്ച് ഒറക്കെ പറഞ്ഞു.
"ഡാ, സാര്‍ ബാക്കിലൊട്ട് വരുന്നുണ്ട്. അവിടെ ഇരിക്കാന്‍ സീറ്റൊക്കെ ഉണ്ടല്ലൊ....."
"താന്‍ക്സ് അളിയാ.... ഇപ്പൊ ശരിയാക്കാം" റിപ്ലൈ കിട്ടി.
ദാ പോകുന്നു ഒരു ബ്രൗണ്‍ കളര്‍ ബിയര്‍ ബോട്ടില്‍..... ബാക്ക് സീറ്റിന്റെ സൈഡിലെ ഗ്ലാസ്സ് വിന്‍ഡൊയിലൂടെ നടുറോഡിലേക്ക്..... ദൈവമെ...അതാരുടേം തലയില്‍ ചെന്ന് വീഴാതിരുന്നാല്‍ മതിയായിരുന്നു. സാര്‍ അറിഞ്ഞിട്ടില്ലാന്ന് തോന്നുന്നു. ഭാഗ്യം. സാര്‍ വന്ന് എല്ലാവരോടും കുശലന്വേഷണം നടത്തി.
അഞ്ച് മിനിറ്റ് കഴിഞ്ഞില്ല.... കിഡ്നാപ്പിംഗ് സീനിനെ അനുസ്മരിപ്പിക്കും വിധം ഒരു മറ്റഡോര്‍ ടെമ്പൊ ഞങ്ങളുടെ ബസ്സിനെ ഓവര്‍ ടേക്ക് ചെയ്ത് ഫ്രന്റില്‍ റോഡിന് ക്രോസ്സായി നിര്‍ത്തി. അതിന്റെ ഡ്രൈവര്‍ ചാടി ഇറങ്ങി നടുറോഡില്‍ നിന്ന് പൂര തെറിവിളി. ഇയാള്‍ക്ക് ഭ്രാന്തുണ്ടോന്ന് കണ്ട് നിക്കുന്നവരൊക്കെ ചോദിക്കുമെങ്കിലും, അയാള്‍ സുബോധത്തോടെ ആണ് സംസാരിക്കുന്നതെന്ന് ആ ബിയര്‍ കുപ്പീടെ ട്രാജെക്‍റ്ററി ട്രേസ് ചെയ്തവര്‍ക്കൊക്കെ മനസ്സിലാകുമയിരുന്നു. രണ്ട് ടൂര്‍ കോര്‍ഡിനേറ്റേഴ്സും, ധൈര്യത്തിന് ബസ്സിന്റെ ക്ലീനറേം വിളിച്ച് ഇറങ്ങി ചെന്ന് ആ ചേട്ടനെ പറഞ്ഞ് ഒതുക്കി വിട്ടു. തിരിച്ച് ബസ്സില്‍ കേറിയപ്പോള്‍ പ്രശ്നം എന്താണെന്ന് സാര്‍ ചോദിച്ചെങ്കിലും, "ഓ... അയാള്‍ക്ക് വട്ടാണ് " ന്ന് പറഞ്ഞ് ഊരി പോന്നു. സാറിന് എന്തൊക്കെയൊ പന്തികേട് തൊന്നി തുടങ്ങി. "നമ്മള്‍ എപ്പൊ ടെക്നൊപാര്‍കില്‍ എത്തും?" ദാ വരുന്നു സാറിന്റെ നെക്സ്റ്റ് ക്വസ്‌റ്റ്യന്‍. " ടെക്നൊപാര്‍കില്‍ എപ്പൊ എത്യാലും കൊള്ളാം.... കോവളത്ത് മൂന്നരയ്ക്ക് മുമ്പ് എത്തണം" മറുപടി കേട്ട് സാര്‍ കിടുങ്ങി കാണും....
പിന്നെ സാര്‍ കാര്യമായി ആരോടും സംസാരിച്ചില്ല. ടെക്നൊപാര്‍കില്‍ എത്തിയപ്പൊ US ടെക്നോളജീസില്‍ കേറി നിരങ്ങാന്‍ പെര്‍മിഷന്‍ കിട്ടി. മൊതതം പിള്ളേരെ രണ്ട് ഗ്രൂപ്പാക്കി ഡിവൈഡ് ചെയ്ത് കമ്പനീടെ HR എക്സിക്യൂട്ടിവ്സിന്റെ കൂടെ അകത്തേക്ക് കേറ്റി വിട്ടു. പൊട്ടന്‍ പൂരം കാണാന്‍ നടക്കുന്ന പോലെ കൊറെ തെക്ക് വടക്ക് നടന്നു. അങ്കിളിനെ കണ്ടട്ട് അവടന്നും കൂടെ പെര്‍മിഷന്‍ വാങ്ങിച്ച് വരാം ന്ന് പറഞ്ഞ ലൂക്ക് ആ വഴി സ്കിപ് ആയി. വെറെ കൊറെ എണ്ണം ദിപ്പൊ വരാം ന്ന് പറഞ്ഞ് മൂന്നാമതൊരു ഗ്രൂപ്പ് ഫോം ചെയ്ത് സ്വന്തമായി എക്സ്പ്ലൊറേഷന്‍ തുടങ്ങി. ടെക്നൊപാര്‍കില്‍ ഇനി വല്ല ബാറൊ പബോ ഉണ്ടെകില്‍ അതൊന്ന് കണ്ട് പിടിക്കുക എന്നതില്‍ കവിഞ്ഞ് ലക്ഷ്യമൊന്നും ആ ഗ്രൂപ്പിനില്ലയിരുന്നു. നടന്ന് ക്ഷീണിച്ചത് കൊണ്ട് ഞാനും ഒരിടത്ത് ഒതുങ്ങി.
കൊറച്ച് കഴിഞ്ഞപ്പൊ റെപ്പിന്റെ എനൗണ്‍സ്മെന്റ്. "ഇനി നമ്മള്‍ ടൂറിന്റെ മര്‍മ്മ പ്രധാന സ്ഥലങ്ങള്‍ ആണ് സന്ദര്‍ശിക്കാന്‍ പോകുന്നത്. ലഞ്ച് അറ്റ് ശംഖുമുഖം, ടീ/ഡ്രിങ്ക്സ് അറ്റ് കോവളം...... " ഒരു "ബോലോ റെപ്പ് കീ ജയ്" വിളിക്കാന്‍ എനിക്ക് തോന്നി. എല്ലാവരും ബസ്സില്‍ കേറി.
ശംഖുമുഖം ഇന്‍ഡ്യന്‍ കൊഫീ ഹൗസിലെ ലഞ്ച് കഴിഞ്ഞ് നെരെ കോവളം ബീച്ചില്‍ ചെന്നിറങ്ങി. ഗേള്‍സും പിന്നെ അവരുടെ ബോഡിഗാര്‍ഡ്സും മണ്ണപ്പം ചുട്ട് കളിക്കുക, ഞണ്ടിനെ പിടിക്കുക തുടങ്ങിയ ലോക്കല്‍ കളികളില്‍ മുഴുകിയപ്പൊള്‍, രണ്ടെണ്ണം ഫിറ്റ് ചെയ്താലെ ബീച്ചിലെറങ്ങാന്‍ സുഖമുള്ളൂ എന്ന് വിശ്വസിചിരുന്നവര്‍ ആ വഴിക്ക് നടന്നു. ഫോറിനെഴ്സ് ഇറങ്ങുന്ന ഏരിയ നോക്കി ഞാനും സിനുവും അന്വെഷണം തുടര്‍ന്നു. എല്ലാം കഴിഞ്ഞ് നേരത്തെ പറഞ്ഞ അസംബ്ലി പൊയിന്റില്‍ പറഞ്ഞ സമയത്ത് എത്തീത് വളരെ കൊറച്ച് പേര്‍. മിസ്സിങ് കുഞ്ഞാടുകളെ തപ്പി ഞാനും, സിനുവും ഒന്നൂടെ ഇറങ്ങി. ബാക്കി എല്ലവരും തിരിച്ചെത്തീട്ടും ഞങ്ങള്‍ തിരിച്ച് എത്താതിരുന്നത് ഒരു നോര്‍ത്ത് ഇന്‍ഡ്യന്‍ ഫാമിലീലെ രണ്ട് പൂ പൊലത്തെ പെമ്പിള്ളാരെ കണ്ടത് കൊണ്ട് മാത്രം അയിരുന്നു.
ബസ്സില്‍ കേറീതും പാട്ട് കച്ചേരി തുടങ്ങി. ബസിലെ മൈക്ക് എടുത്ത് ആര്‍ക്കും പാട്ട് പാടാം. ഫിറ്റ് ആണെങ്കിലും/അല്ലെങ്കിലും, പാട്ട് പാടാന്‍ അറിയണമെന്ന് ഒരു നിര്‍ബന്ധോം ഇല്ല. ബസ്സിന്റെ മുന്നില്‍ ഗാനകോകിലങ്ങള്‍ പാടി തകര്‍ക്കുമ്പോള്‍, പുറകില്‍ മൈക്കള്‍ ജാക്സന്മാര്‍ ആടി തകര്‍ക്കുന്നു. ദേ ഒരുത്തന്‍ ഷര്‍ട്ട് ഒക്കെ ഊരി വീശി അര്‍മാദിക്കുന്നു. ഇവനാരടാ ലോഡ്സ് പവലിയനില്‍ നിന്ന് ചാടി വന്ന സൗരവ് ഗാംഗുലിയൊ?? കഴിഞ്ഞ ഗോവ ടൂറിനു പോയപ്പൊ ഒരു തുള്ളി ബിയര്‍ പോലും കുടിക്കാതെ വന്ന പയ്യനായിരുന്നു. ഇപ്പൊ കോവളം വരെ എത്തിയപ്പോഴേക്കും ഫുള്‍ ഫിറ്റ്. കാമുകി പോയ ദുഖം അഘോഷിക്കത്രേ....
എനിക്ക് ഉറക്കം വന്ന് തുടങ്ങി. ബാക്ക് സീറ്റ് ഫുള്‍ കാലി. എല്ലാവരും ഡാന്‍സും പാട്ടും ഒക്കെ ആയി നടക്കാണ്. ഞാന്‍ പോയി കിടന്നു. നാഷണല്‍ ഹൈവെടെ ഡിവൈഡറില്‍ കൊണ്ട് കിടത്ത്യാലും ഉറങ്ങാനുള്ള കഴിവ് ദൈവം പണ്ടേ എനിക്ക് തന്നട്ടുണ്ട്. കാതടപ്പിക്കുന്ന ആ ബഹളത്തിനിടയിലും ഞാന്‍ സുഖമായി ഉറങ്ങി...
പിറ്റെ ദിവസം രാവിലെ ഹാരോള്‍ഡ് സാര്‍ എന്നെ കണ്ടപ്പോള്‍ വിളിച്ചു.എന്നിട്ട് ചെറിയ ഒരു ഉപദേശം "ഇത്ര ചെറുപ്പത്തിലെ ഇത് പോലെ മദ്യപിക്കരുത്...... കൊറച്ചൊക്കെ ആകാം. എന്നാലും ഇങ്ങനെ ഫിറ്റ് ആയി ബോധം കെട്ട് കിടക്കുന്ന ലെവല്‍ വരെ കുടിക്കരുത് "
അങ്ങനെ വെള്ളമടിക്കാതെ തന്നെ കള്ളുകുടിയന്‍ എന്ന ലെബല്‍ ഫ്രീ അയി കിട്ടി..... ഒരു സ്റ്റ്ഡി ടൂര്‍ പോയാലുള്ള ഗതികേട് നോക്കണേ.....